Wednesday 2 November 2022

സത്യേട്ടൻ @ 25

 സത്യേട്ടൻ @ 25


കേരളത്തിലെ ഏറ്റവും വലിയ സർവകലാശാല... 

പടർന്നു പന്തലിച്ച് നിൽക്കുന്ന മരത്തണലുകളും വർണ്ണാഭമായ പൂങ്കാവനങ്ങളുമൊക്കെയായി അതിമനോഹരമായ ക്യാമ്പസ് അന്തരീക്ഷം.  കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഓരോ ചുവരുകൾക്കും പറയാനുള്ളത് ഒരുപാടു വർഷങ്ങളുടെ അനുഭവങ്ങളും ഓർമ്മകളുമാണ്.  കഴിഞ്ഞ 25 വർഷമായി ഈ സർവ്വകലാശാലയുടെ ഓരോ സ്പന്ദനവും അറിയുന്ന ഒരാളുണ്ട് ! ഇവിടെ നിന്ന് പഠിച്ചിറങ്ങിയവർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെല്ലാം ഏറെ സുപരിചിതമായ ഒരു പേര്. സത്യേട്ടൻ..


1997 ലാണ് സത്യൻ എന്ന 26 കാരൻ സർവ്വകലാശാലയിലെ പരീക്ഷ ഭവനിൽ ഒരു ചായക്കട തുടങ്ങുന്നത്. 

അന്ന് മുതൽ ഇന്ന് വരെ ക്യാമ്പസ്സിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് സത്യേട്ടന്റെ ചായക്കടയും അതിനു മുന്നിലെ മരത്തണലും. വൈകുന്നേരങ്ങളിൽ ഒരു ഗ്ലാസ് ചായയും കുടിച്ച് കൂട്ടുകാരോടൊപ്പം സമയം പങ്കിടാൻ വരുന്ന കുട്ടികൾ ഇവിടത്തെ സ്ഥിരം കാഴ്ച്ചയാണ്. ഓരോ വർഷവും മാറി മാറി വരുന്ന മുഖങ്ങൾ.... സൗഹൃദങ്ങൾ... രാഷ്ട്രീയം.. എല്ലാത്തിനും സാക്ഷിയായി സത്യേട്ടൻ.. 


കഴിഞ്ഞ 25  വർഷമായി രാവിലെ എട്ടര മുതൽ വൈകുന്നേരം 6 മണി വരെ അദ്ദേഹം ഇവിടുണ്ട്. ഈ കാലയളവിലെ സർവകലാശാലയുടെ ചരിത്രവും വളർച്ചയുമെല്ലാം ഇത്രത്തോളം അറിയാവുന്ന മറ്റൊരാൾ ഉണ്ടാവുക അപൂർവ്വമാണ്.  ക്യാമ്പസ്സിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച്

സത്യേട്ടൻ പറയുന്നതിങ്ങനെയാണ്. ഒരുപാടു സമരങ്ങളും പോരാട്ടങ്ങളും നടന്ന ഈ കലാലയത്തിൽ വ്യത്യസ്ത കാഴ്ച്ചപ്പാടുകളും രാഷ്ട്രീയ നിരീക്ഷണങ്ങളുമുള്ള കുട്ടികളാണുള്ളത്. അഭിപ്രായവ്യത്യാസങ്ങളും നിലപാടുകളും ഉള്ളവർ ഉണ്ട്. രാവിലെ രണ്ട് നിറങ്ങളിലുള്ള കൊടികൾ പിടിച്ച് നടക്കുന്നവരാണെങ്കിലും വൈകുന്നേരം ഒരു ചായകുടിച്ചു സൗഹൃദം പങ്കിടാൻ അവർ ഒരുമിച്ചെത്തും. അത്തരത്തിൽ ഒരുപാട് സൗഹൃദങ്ങൾക്കും കൂടിചേരലുകൾക്കും വേദിയാവുകയാണ് പരീക്ഷ ഭവനിലെ ആ കൊച്ചു ചായക്കട.  

അതുകൊണ്ടുതന്നെ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അദ്ദേഹത്തോട് എന്തെന്നില്ലാത്ത ഒരു സ്നേഹവും അടുപ്പവുമുണ്ട്. 2018 ൽ അതുൽ നാറുകര യൂണിവേഴ്സിറ്റി ചെയർമാൻ ആയിരുന്ന കാലഘട്ടത്തിൽ ക്യാമ്പസ് മാഗസിൻ ഏറ്റുവാങ്ങാൻ തന്നെ വേദിയിലേക്ക് ക്ഷണിച്ചതും അന്നത്തെ കുട്ടികളുടെ ആഹ്ലാദാരവങ്ങളുമെല്ലാം അദ്ദേഹം ഇന്നും സന്തോഷത്തോടെ ഓർക്കുന്നു. 

ഒരിക്കൽ സർവ്വകലാശാലയിൽ  നിന്ന് പഠിച്ചിറങ്ങി ഒരുപാട് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ രാജീവ് എന്ന വിദ്യാർത്ഥി സത്യേട്ടനോട് പറഞ്ഞ വാക്കുകൾ അദ്ദേഹം ഇന്നും ഏറെ വൈകാരികമായാണ് ഓർത്തിരിക്കുന്നത്. "കാലങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ എനിക്കിവിടം അപരിചിതമാണ്. പുതിയ കെട്ടിടങ്ങൾ, മാറി വന്ന അധ്യാപകർ, പുതിയ കുട്ടികൾ.. അതിൽ ഞാൻ പഠിച്ച കാലഘട്ടത്തിലെ ഓർമകളിലേക്ക് എന്നെ തിരിച്ച് കൊണ്ടുപോയത് സത്യേട്ടനാണ്. എനിക്ക് പ്രിയപ്പെട്ട, പരിചയമുള്ള മുഖം താങ്കളുടേതാണ്".  ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികളുടെ കലാലയ ജീവിതത്തിന്റെ ഒരിക്കലും മറക്കാനാവാത്ത ഭാഗമാണ് സത്യേട്ടൻ... 

Sunday 2 October 2022

പറയാൻ ബാക്കിയായത്..............

 പറയാൻ ബാക്കിയായത്..............


ജീവിതത്തിൽ നമുക്ക് പ്രിയപ്പെട്ട ആരൊക്കെയോ നഷ്ട്ടപ്പെട്ടു പോവുന്നതിന്റെ വേദന ഒന്നുകൊണ്ടും നികത്താനാവാത്തതാണ്. നഷ്ട്ടപ്പെട്ടുപോയ ആൾ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് മറ്റാരോടും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ഏറ്റവും വലിയ ദുഃഖം... 


എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ അച്ചമ്മ... കോളേജിൽ  സെക്കന്റ് ഇയറിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി പുള്ളിക്കാരിയെ കാണുന്നത്. പ്രായം 70 കഴിഞ്ഞിരുന്നെങ്കിലും 18 ന്റെ തിളക്കമായിരുന്നു അവരുടെ കണ്ണുകൾക്ക്. എന്നും ചുറുചുറുക്കുള്ള ഒരു കൗമാരക്കാരിയുടെ ചിരിയായിരുന്നു ആ മുഖത്ത് ഞാൻ കണ്ടത്. ഞങ്ങൾ കുട്ടികളോട് ഒരുപാടു നേരം ഇരുന്ന് സംസാരിക്കാൻ ഇഷ്ട്ടമായിരുന്നു. ഞങ്ങളുടെ തമാശകളും അനുഭവങ്ങളുമെല്ലാം പറയുമ്പോൾ അതെല്ലാം ഏറെ കൗതുകത്തോടെ കേട്ടിരുന്ന് ആസ്വദിക്കുമായിരുന്നു... 


കൈരളി ടിവി യിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന ദിവസങ്ങളിൽ ഉച്ചക്ക് വീട്ടിലേക്ക് വരാൻ പറഞ്ഞു. ഞങ്ങൾക്ക് വേണ്ടി ഭക്ഷണം ഒക്കെ റെഡി ആക്കി വച്ച് കാത്തിരിക്കുകയായിരുന്നു. വാർദ്ധക്യത്തിന്റെ വയ്യായ്മകൾ ഉണ്ടായിരുന്നെങ്കിലും സ്വന്തം കൈ കൊണ്ട് തന്നെ ഞങ്ങൾക്ക് ഭക്ഷണം വിളമ്പിത്തരുന്നതിൽ അവർക്കൊരു പ്രത്യേക സന്തോഷം ഉണ്ടായിരുന്നു. 

ഒരിക്കൽ ഞാൻ എഴുതിയ ഒരു ബ്ലോഗ് വായിച്ച്‌ അപ്പൊത്തന്നെ എന്നെ ഫോണിൽ വിളിച്ച് ഒത്തിരി ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞ് അഭിനന്ദിച്ചിരുന്നു. പിറ്റേ ദിവസം തന്നെ മാതൃഭൂമിയിലും മറ്റും വന്ന ആർട്ടിക്കിളുകളും കുറിപ്പുകളുമെല്ലാം തിരഞ്ഞെടുത്ത് എനിക്ക് വായിക്കാനായി തന്നയച്ചു. അത്രയും കരുതലോടെ നമ്മുടെ ചെറിയ കഴിവുകളെപ്പോലും പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും അവർ കാണിച്ചിരുന്ന താൽപ്പര്യം മുൻപൊരാളിലും ഞാൻ കണ്ടിട്ടില്ല. ആ പത്രക്കടലാസുകൾ ഒരു നിധി പോലെ ഞാൻ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്.  

 പെൺകുട്ടികളായാൽ നന്നായി പഠിച്ച് ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണം എന്ന ഉപദേശം തന്നയാൾ. ജീവിതത്തിൽ ഒരിക്കലും ആർക്കു  മുന്നിലും തോറ്റുകൊടുക്കാതെ സ്വന്തം ഇച്ഛാശക്തികൊണ്ട് നാല് മക്കളെ പഠിപ്പിച്ച് വളർത്തി വലുതാക്കിയവർ. അതായിരുന്നു ബാവമ്മ എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന ആ സ്‌നേഹനിധി. 

എല്ലാവരോടും തികഞ്ഞ മമതയും സ്നേഹവും പ്രകടിപ്പിച്ചിരുന്ന അവരോട് പെട്ടെന്ന്തന്നെ എനിക്ക് വല്ലാത്തൊരടുപ്പം തോന്നി. പക്ഷെ വിധി പലപ്പോഴും അങ്ങനെയാണ്. ആ സ്നേഹവും കരുതലും ഒരുപാടു കാലം അനുഭവിക്കാൻ അനുവദിച്ചില്ല. ഇനിയും പറയാൻ എന്തൊക്കെയോ ബാക്കിവച്ച് എനിക്കൊന്നു കാണാൻ പോലും സാധിക്കാതെ യാത്രയായി..... 


Sunday 4 September 2022

ലഹരി പൂക്കുന്ന സിനിമാമേള




ചലച്ചിത്രമേള.......


പണ്ട് സ്കൂളിൽ പഠിക്കുമ്പോ എല്ലാ വർഷവും ചലച്ചിത്രമേളയുടെ കൗതുകകാഴ്ചകളും ചിത്രങ്ങളുമൊക്കെ പത്രത്തിൽ വരാറുള്ളത് ഓടിച്ചെന്നെടുത്ത് കുറെ നേരം നോക്കി ഇരിക്കുമായിരുന്നു. 

അന്നൊക്കെ മനസ്സിൽ ആഗ്രഹിച്ചിരുന്നു, എന്നെങ്കിലും ഇതൊക്കെ ഒന്ന് നേരിട്ട് പോയി കാണണം എന്ന്. 


പിന്നീട് തിരുവനന്തപുരത്ത് കോളേജ് അഡ്മിഷൻ കിട്ടിയപ്പോ ആദ്യം മനസിലേക്ക് വന്നതും അത് തന്നെയാണ്. 

ആദ്യ വർഷത്തിലെ അന്താളിപ്പും പിന്നെ വന്ന കോവിഡും എല്ലാം കഴിഞ്ഞ് ഫൈനൽ ഇയർ ആയി.. ഇനി  എന്തായാലും ചലച്ചിത്രമേളയ്ക്ക് പോയെ പറ്റൂ... പക്ഷെ ക്ലാസ് കട്ട് ചെയ്ത് പോയാൽ അറ്റന്റൻസ്‌ ഒരു വിഷയം ആകും.. അങ്ങനെ ഇരുന്നപ്പോഴാണ് ജേർണലിസം വിദ്യാർത്ഥികൾക്ക് മേളയുടെ മീഡിയ സെല്ലിൽ പ്രവേശനം കിട്ടിയാൽ കോളേജിൽ നിന്ന് അറ്റന്റൻസ് കിട്ടും എന്ന് അറിഞ്ഞത്.. അങ്ങനെ 2022  മാർച്ച് 6 ന്  IFFK യുടെ മീഡിയ സെൽ എൻട്രൻസ് എക്സാം എഴുതാൻ പോകുമ്പോ ആകെ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു... അറ്റന്റൻസ് ഉം കിട്ടും ഒരാഴ്ച അടിച്ചു പൊളിച്ച് സിനിമകളും കാണാം.... 

സെലക്ഷൻ കിട്ടി മാർച്ച് 8 നു മീഡിയ സെല്ലിൽ ജോയിൻ ചെയ്യുമ്പോ ഫ്രീ ആയി കുറെ സിനിമകൾ കാണാം എന്ന് മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ. 


ചെന്ന് കയറിയപ്പോഴാണ് വന്ന് പെട്ടത് മറ്റൊരു ലോകത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞത്. 

കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള 15  മാധ്യമ വിദ്യാർത്ഥികളും അവരെ നയിക്കാനായി അനുഭവസമ്പത്തും അറിവുമുള്ള രണ്ട് പടനായകന്മാരും. സതികുമാർ സാറും ബി ടി അനിൽ കുമാർ സാറും. 


മേളയുടെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ച ഒരിടം. ചലച്ചിത്ര മേളയോടനുബന്ധിച്ച ഏത് വാർത്തയും വിവരവും ലോകമറിയണമെങ്കിൽ അതിവിടന്ന് നൽകണം. തമാശയായി കളിച്ച് നടക്കാൻ മാത്രമുള്ള ഒരു സ്ഥലത്തല്ല വന്ന് പെട്ടിരിക്കുന്നതെന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് മനസിലായത്. ജേർണലിസം ക്ലാസ്സിൽ ' 5ws and 1H' വായിച്ച് പഠിച്ച് പരീക്ഷ എഴുതിയത് കൊണ്ട് മാത്രം വാർത്ത എഴുതാൻ ആവില്ല എന്ന് മനസിലാക്കിയത് അപ്പോഴാണ്. വായനക്കാരന് മനസിലാകുന്ന രീതിയിൽ കൃത്യമായി ഒതുക്കത്തോടെ എന്നാൽ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന വിധത്തിലാവണം വാർത്ത എഴുതേണ്ടത് എന്ന് തിരിച്ചറിഞ്ഞു. എഴുതിയ വാർത്തകൾ തിരുത്തപ്പെട്ടു, ചിലത് വീണ്ടും വീണ്ടും ഇരുന്ന് എഴുതി.. ഈ പ്രക്രിയ ഒരു സൈക്കിൾ പോലെ തുടർന്നുകൊണ്ടേയിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ചലച്ചിത്ര മേളയ്ക്കായി ഒരു മാസം മുൻപേ പരിശീലനം ആരംഭിച്ചു. ചുരുക്കത്തിൽ ഒരു മാധ്യമ വിദ്യാർത്ഥിയെ ഒരു പ്രൊഫെഷണൽ ആക്കാനുള്ള കളരി. അതായിരുന്നു മീഡിയ സെൽ.

 

വാർത്തകൾക്കും അതിന്റെ തിരുത്തലുകൾക്കുമെല്ലാമുപരി വല്ലാത്തൊരു ലഹരി നൽകുന്ന അന്തരീക്ഷമുണ്ടായിരുന്നു അവിടെ. കഥകളും കവിതകളും സിനിമയും സംഗീതവുമെല്ലാംഇഷ്ട്ടപ്പെടുന്ന, കലയെ ജീവനു തുല്യം സ്നേഹിക്കുന്ന, കലാകാരന്മാരെ ആരാധിക്കുന്ന കുറെ പച്ചയായ മനുഷ്യർ ഒത്തുകൂടുന്ന വേദി. എല്ലാവർക്കും സംസാരിക്കാനുള്ളത് സിനിമയെക്കുറിച്ചയിരുന്നു. ആരും ആരെയും നിയന്ദ്രിക്കാനോ സദാചാര ചട്ടക്കൂടുകൾക്കു വഴങ്ങിക്കൊടുക്കാനോ നിൽക്കാത്ത തുറന്ന മനസുള്ള കുറെ പേർ ഒരുമിക്കുന്ന ഇടം. വൈകുന്നേരങ്ങളിലെ സംഗീത സന്ധ്യകൾ സ്വയം മറന്ന് ആസ്വദിക്കാൻ കഴിക്കുന്നവർ, പല നാടുകളിൽ നിന്നുമുള്ള സംസ്കാരങ്ങൾ, പല ഭാഷകളിൽ വ്യത്യസ്തങ്ങളായ സിനിമകൾ പ്രദർശിപ്പിക്കുന്ന തിരശീലകൾ... ഇതെല്ലാമായിരുന്നു ചലച്ചിത്രമേള നൽകുന്ന ലഹരി... ഒരിക്കൽ വന്നു പെട്ടവരെ വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന ലഹരി...


വാർത്തയുടെ എഴുത്തും തിരുത്തലുകളും പ്രസിദീകരണവും ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോൾ സൗഹൃദവും  സിനിമയും സംഗീതവും മറ്റൊരു വശത്ത്....അങ്ങിനെ മാർച്ച് 25 നു ചലച്ചിത്രമേളയുടെ അരങ്ങും ആരവവുമൊഴിഞ്ഞപ്പോൾ എന്തോ വല്ലാത്തൊരു വേദനയോടെയാണ് അവിടെ നിന്ന് പടിയിറങ്ങിയത്. മാധ്യമ ലോകത്തേക്കുള്ള ആദ്യ കാൽവയ്പ്പ്, വ്യക്തിജീവിതത്തെ ഏറെ സ്വാധീനിച്ച കുറെയേറെ അനുഭവങ്ങൾ...  ഒരുപാട് നല്ല സൗഹൃദങ്ങൾ.. മനസ് തുറന്ന് ചിരിച്ച കുറെ നല്ല നിമിഷങ്ങൾ.... സിനിമകൾ.. സംഗീത സദസ്സുകൾ...  ഇതിനെല്ലാമുപരി സ്വന്തം വ്യക്തിത്വത്തെ സ്വയം മനസിലാക്കാനും അതിനെ പാകപ്പെടുത്താനും വന്നുചേർന്ന ഒരവസരം.... അങ്ങിനെ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു സാങ്കൽപ്പിക ലോകത്ത് നിന്നും യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ച് പോകുന്ന പോലെയായിരുന്നു അന്നത്തെ വിടവാങ്ങൽ........ ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന ഒത്തിരി പാഠങ്ങൾ പഠിച്ച അനുഭവങ്ങൾ സമ്മാനിച്ച കുറച്ച് നല്ല ദിവസങ്ങൾ.... അതായിരുന്നു Ifffk !!!! 

.

.

.

.

.

.

.

.

.

.

.

.

.

.

.

(അന്ന് പരസ്പരം യാത്ര പറയുമ്പോ എല്ലാവർക്കും ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു. 

ഇനി എപ്പോഴാണ് ഇങ്ങനെ ഒക്കെ ഒന്ന് ഒത്തുകൂടുന്നത്? 

അടുത്ത IFFK !!!!!!!... 

അതുവരെ കാത്തിരിക്കണം അല്ലെ? 

അതിനു മുൻപ് IDSFFK ഉണ്ട്. ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ. അതിനു കാണാം......)












Monday 15 August 2022

സ്വാത്രന്ത്ര്യം

 സ്വാതന്ത്രത്തിന്റെ 75 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു........

രാജ്യമെമ്പാടും വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ന്  അരങ്ങേറിയത്.. 

യുഗാന്തരങ്ങൾക്ക് മുൻപ് എപ്പോഴോ നമ്മളിൽ നിന്ന് പിടിച്ചുവാങ്ങിയ നമ്മുടെ തന്നെ സ്വാതന്ത്ര്യം തിരിച്ചെടുത്തതിന്റെ  ഓർമ്മപ്പെടുത്തൽ.....

ഓരോ വ്യക്തിക്കും അർഹതപ്പെട്ടത്‌ ആർക്കും അപഹരിക്കാനാകില്ല എന്ന തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തൽ.... 

അത്തരമൊരു നീതികേടിനോട് ഒരിക്കലും മൗനം പാലിക്കരുത് എന്ന പാഠം....

പ്രതികരിക്കേണ്ടിടത്ത് അതിനു വേണ്ടി മുതിരണം എന്ന മാതൃക.....

ഇന്ത്യയിലെ ഓരോ പൗരനും ഇത്തരം നിരവധി പാഠങ്ങൾ പകർന്നു നൽകിയാണ് നമ്മുടെ പൂർവ്വികർ ലോകത്തോട് വിട പറഞ്ഞത്...

സ്വാതന്ത്ര്യത്തിന്റെ ഓരോ വർഷവും കടന്നുപോകുമ്പോൾ ഈ മൂല്യങ്ങളെല്ലാം നമ്മളിൽ നിലനിൽക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട കാലം എപ്പോഴോ അതിക്രമിച്ചു കഴിഞ്ഞു. 

രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടു.. ഒരു തുള്ളി ദാഹജലം കുടിച്ചതിനു അധ്യാപകൻ ക്രൂരമായി മർദിച്ച് മരണപ്പെട്ട ഒരു കുട്ടിയുടെ വാർത്ത.. കേട്ടപ്പോൾ ഏറെ സങ്കടം തോന്നി... അക്രമങ്ങൾക്കും അനീതികൾക്കുമെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടിയ ഇന്ത്യയുടെ ഈ മണ്ണിൽ തന്നെയാണ് ഇതെല്ലം നടക്കുന്നത് എന്നത് വേദനാജനകമാണ്... അങ്ങിനെ എത്രയോ അതിക്രമങ്ങൾ...

അഹിംസ വൃതമാക്കി നേടിയെടുത്ത സ്വാത്രന്ത്ര്യം നമുക്ക് പ്രധാനം ചെയ്യുന്നത് ഇതാണോ..? 

ഇതിനു വേണ്ടിയാണോ കാലങ്ങൾക്ക് മുൻപ് ഒരു ജനത അവരുടെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചത് ?

നമ്മുടെ സ്വാതന്ത്ര്യം അപഹരിക്കാൻ ആരെയും അനുവദിക്കരുത് എന്നതുപോലെതന്നെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ് മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കാൻ പാടില്ല എന്ന സാമൂഹ്യബോധവും.... ആരും ആരുടേയും അടിമകളല്ല എന്ന തിരിച്ചറിവ് ഓരോ വ്യക്തികളിലുമുണ്ടാവണം.. എന്തിന്റെ പേരിലായാലും മറ്റൊരാളുടെ സ്വാതന്ത്യത്തെ തിരസ്ക്കരിക്കാൻ ഒരാൾക്കും അവകാശമില്ല. 

ഈ തിരിച്ചറിവാണ് ഇനിയും പലരും പഠിക്കേണ്ടത്.......

Sunday 7 August 2022

വേരുകൾ

                                                                     

തിരക്കുപിടിച്ച ലോകത്തിൽ നിന്ന് കുറച്ചു നാളത്തെ ഇടവേളയിൽ വീട്ടിലെത്തി... രണ്ട് ദിവസം നഗരത്തിൽ നിന്നും പറിച്ചുമാറ്റപ്പെട്ടതിന്റെ ഒരു ഏകാന്തതയിൽ ആയിരുന്നു..പതുക്കെ പതുക്കെ നാടിന്റെയും വീടിന്റെയും ഗൃഹാതുരുത്വത്തിലേക്ക് ഞൻ ആഴ്ന്നിറങ്ങാൻ തുടങ്ങി.. അറ്റുപോയ വേരുകളിലൂടെ വീണ്ടും മുള പൊട്ടുന്ന ഒരു ചെടിയെപ്പോലെ ഞാൻ ശ്വസിക്കാൻ തുടങ്ങി.. എന്റെ അസ്തിത്വത്തെ വീണ്ടെടുക്കുന്നത് പോലെ ഒരു തോന്നൽ.. നാടും വീടും അമ്പലവും ആൽമരചുവടുമെല്ലാം എനിക്ക് പുതുശ്വാസം നൽകി... ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്‍ദകോലാഹലങ്ങളില്ലാത്ത നട്ടുവഴിപ്പാതകൾ... തിരക്കുപിടിച്ച് എന്തൊക്കെയോ നേടാനായുള്ള ഓട്ടപ്പാച്ചിലിൽ ജീവിക്കാൻ തന്നെ മറന്നുപോയ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി വീട്ടുവർത്തമാനങ്ങൾ പറഞ്ഞ് കുശലം ചോദിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഒരു കൂട്ടം നിഷ്ക്കളങ്കരായ മനുഷ്യർ, മണ്ണിന്റെ മണവും അമ്പലക്കുളത്തിലെ തണുത്ത വെള്ളവും ആൽമരത്തിന്റെ നനുത്ത കാറ്റുമെല്ലാം എന്നെ പുണർന്നിട്ട് കാലമെത്രയായി.... ഇതെല്ലം ഞാൻ മറന്നു പോയിരിക്കുന്നു... ഓർമയിൽ നിന്നും അവയെല്ലാം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്.

ഏത് നാട്ടിൽ പോയി എന്തൊക്കെ നേടിയെടുത്താലും എന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നത് ഈ മണ്ണിലാണ്... ഇവിടെ പിച്ച വച്ച് പഠിച്ച പാഠങ്ങളാണ് ഏതു പ്രതിസന്ധിയെയും നേരിടാൻ എന്നെ പ്രാപ്തയാക്കിയത്... എവിടെയൊക്കെ പോയാലും വീണ്ടും തിരിച്ചു വരാനായി പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഇവിടെയുണ്ട്.. ഒരു പക്ഷെ എന്റെ അസ്തിത്വം ഇവിടെയാണുള്ളത് എന്ന ഓർമ്മപ്പെടുത്തലാവാം അത്. അറിയില്ല.....

എന്തായാലും ഞാൻ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്. നമ്മൾ ജനിച്ചു വളർന്ന, ചെറുപ്പകാലത്തെ നല്ല ഓർമ്മകൾ നമുക്ക് സമ്മാനിച്ച..അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു നടന്ന, മണ്ണപ്പം ചുട്ടു കളിച്ച കൂട്ടുകാരുള്ള നമ്മുടെ നാട്ടിലാണ് മനുഷ്യന്റെ വേരുകൾ അടിയുറച്ചിട്ടുള്ളത്. ആ അസ്തിത്വത്തെ പിഴുതെറിഞ്ഞാൽ ചിലപ്പോൾ നൂല് പൊട്ടിയ പട്ടം പോലെ ആകാശത്തിലൂടെ പറന്നു നടക്കാനാകും... എന്നാൽ നിമിഷനേരം കൊണ്ട് അത് നിലം പതിക്കുകയും ചെയ്യും..... 

അങ്ങനെ ചിന്തകളുടെ ഏതോ മായാലോകത്തിലൂടെ കടന്നു പോകുമ്പോഴാണ് ഇമെയിൽ വന്നത്. തിരിച്ച് പോകണം.. വീണ്ടും നഗരത്തിന്റെ മായിക ലോകത്തിന്റെ ഭാഗമാക്കണം... അത് മറ്റൊരു ജീവിതമാണ്..രണ്ടും എനിക്ക് പ്രിയപ്പെട്ടതാണ്... മണ്ണിലിറങ്ങി നടക്കുന്നതാണോ അതോ ആകാശത്തിലൂടെ പറക്കുന്നതാണോ കൂടുതൽ ഇഷ്ട്ടം എന്ന് ചോദിച്ചതുപോലെയാണ്.... ഇത് രണ്ടുമാണ് എനിക്ക് ജീവൻ നൽകുന്നത്.. എന്നെ മോഹിപ്പിക്കുന്നത്, എന്നെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നത്.. കയ്യെത്താ ദൂരത്തുള്ളത് എത്തിപ്പിപ്പിടിക്കാൻ വെമ്പുന്ന ഒരു കുഞ്ഞിനെപ്പോലെയാണ് ഞാൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... എനിക്കത് സ്വന്തമാക്കണം.. അതിനുള്ള പരിശ്രമങ്ങളിൽ വീണുപോകുമ്പോൾ പിടിച്ചു നിർത്തുന്നതും ആത്മധൈര്യം നൽകുന്നതും താഴെയുള്ള ഭൂമിയാണ്. അതുപോലെയാണ് എനിക്ക് നാടും നഗരവും... ഞാനാകുന്ന നാണയത്തിന്റെ ഇരുപുറങ്ങൾ.... 

Saturday 6 August 2022

സെക്രട്ടറിയേറ്റിലെ ഒരു മാസക്കാലം ….

 സെക്രട്ടറിയേറ്റിലെ  ഒരു  മാസക്കാലം ….


Iffk യ്ക്ക് കൂടെ ഉണ്ടായിരുന്ന ഒരു സുഹൃത്ത് വഴിയാണ് സെക്രട്ടറിയേറ്റിലെ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ജേർണലിസം വിദ്യാർത്ഥികൾക്ക് ഇന്റെർഷിപ് ചെയ്യാൻ അവസരം ഉണ്ട് എന്ന് അറിഞ്ഞത്.. അന്ന് തന്നെ ആഗ്രഹിച്ചതാണ് ഇത്രയും നല്ല ഒരു അവസരം പാഴാക്കരുത്  എന്ന്. ഗുരുസ്ഥാനത്തുള്ള  സതികുമാർ  സാറിന്റെ  നിർദേശപ്രകാരം  അപ്ലിക്കേഷൻ  അയച്ചു. ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞിട്ടും യാതൊരു വിവരവും  ഇല്ലാത്തതിനാൽ ആ പ്രതീക്ഷ പോയിക്കിട്ടി..! പിന്നെ അതിനെപ്പറ്റി ആലോജിച്ചില്ല.. അങ്ങനെ ഒന്നും ചെയ്യാനില്ലാതെ വെറുതെ വീട്ടിൽ ഇരിക്കുമ്പോഴാണ് സെക്രട്ടറിയേറ്റിൽ നിന്ന് ഓഫർ ലെറ്റർ വന്ന വിവരം കോളേജിൽ നിന്ന് അറിയിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല, അപ്പൊത്തന്നെ പെട്ടിയും പാക്ക് ചെയ്ത് നേരെ തലസ്ഥാനത്തേക്ക് വണ്ടി കയറി. 

നിരവധി കടമ്പകൾക്കും തടസങ്ങൾക്കും ശേഷം ഐശ്വര്യമായിട്ട് ജൂലൈ 1 ആം തിയ്യതി ജോയൻ ചെയ്തു. അടുത്ത ഒരു മാസം ഇനി കേരള ഗവണ്മെന്റ് സെക്രെട്ടറിയേറ്റിൽ...!!! 


പബ്ലിക് റിലേഷൻസ് വിഭാഗത്തിലെ ഓഡിയോ വിഷ്വൽ ഡിപ്പാർട്മെന്റിലേക്കായിരുന്നു ആദ്യ 10 ദിവസത്തെ അപ്പോയ്ന്റ്മെന്റ്. ഗവണ്മെന്റ്  ആധികാരികമായി ചെയ്യുന്ന ടെലിവിഷൻ പരിപാടികളുടെയും മറ്റു വിഡിയോകളുടെയും നിർമ്മാണവും അതിന്റെ പിന്മുറ പ്രവർത്തനങ്ങളുമായിരുന്നു ഈ വിഭാഗത്തിൽ. നവകേരളം, പ്രിയ കേരളം, നാം മുന്നോട്ട് തുടങ്ങി കേരള ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളെയും  പുതിയ പദ്ധതികളെയുമെല്ലാം ജനങ്ങളിലേക്കെത്തിക്കുന്ന പരിപാടികൾക്കായിരുന്നു മുഖ്യ പ്രാധാന്യം നൽകിയിരുന്നത്. അവയുടെ സ്ക്രിപ്റ്റിംഗിൽ  ഒരു ഭാഗമാകാനും പ്രിയ കേരളം പരിപാടിയുടെ ഷൂട്ടിംഗ് കാണാനും ഡബ്ബിങ്ങും എഡിറ്റിംഗും ഒക്കെ നേരിട്ട് കണ്ട് സംശയങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനുമൊക്കെ സാധിച്ചു. 10 ദിവസങ്ങൾക്ക് ശേഷം അടുത്തതായി ജോയിൻ ചെയ്തത് പ്രസിദ്ധീകരണം വിഭാഗത്തിലേക്കാണ്. ഗവണ്മെന്റിന്റെ ഔദ്യോഗിക മാസികയായ ജനപഥത്തിന്റെ പണിപ്പുരയായിരുന്നു പബ്ലിക്കേഷൻസ് വിഭാഗം. അങ്ങനെ ജൂലൈ ലക്കം ജനപഥത്തിന്റെ ഭാഗമാകാനും സാധിച്ചു. പിന്നീടുള്ള 20 ദിവസങ്ങൾ പ്രസിദീകരണ വിഭാഗത്തിലെ പ്രവർത്തനങ്ങളിലായിരുന്നു.


അറിവും അനുഭവസമ്പത്തുമുള്ള ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ തലച്ചോറിന്റെ അധ്വാനമാണ് കേരള ഗവണ്മെന്റിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം എന്ന് മനസിലാക്കിയത് ഈ ദിവസങ്ങളിലാണ്. എഴുത്തിന്റെ ശക്തിയും മാധ്യമത്തിന്റെ കരുത്തും എന്താണെന്ന യഥാർത്ഥ ബോധ്യം പകർന്നു  തന്നത് PRD യിലെ അനുഭവങ്ങളാണ്. അവിടത്തെ ചർച്ചകളാണ്.. 

ഗുരുസ്ഥാനത്ത് നിന്ന് എല്ലാം പറഞ്ഞ് തന്ന, ആത്മവിശ്വാസവും ആത്മധൈര്യവും തന്ന സതികുമാർ സാറിന് നന്ദി ..  

ഒരു  മാസം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ജീവിതത്തിൽ എന്നും മുതൽക്കൂട്ടായ ഒരുപിടി നല്ല ഓർമകളും കയ്യിലുണ്ട്. ഇടവേളകളിലെ ചിരിതമാശകൾ, എന്നും രാവിലെയുള്ള സെക്യൂരിറ്റി ചെക്കിങ്, സെക്രട്ടേറിയറ്റ് ക്യാന്റീനിൽ നിന്ന് കിട്ടുന്ന 23 രൂപയുടെ ഉച്ചയൂണ്, വൈകുന്നേരങ്ങളിൽ പുറത്തെ തട്ടുകടയിൽ നിന്നും വാങ്ങുന്ന ചായയും പരിപ്പുവടും……….. എല്ലാത്തിനും കൂടെ കൂട്ടുകാരായ രേഷ്മ ചേച്ചിയും  സോഹനും… 


ഇതിനെല്ലാമുപരി ആദ്യമായി ഒരു കുറിപ്പ് എഴുതി പോസ്റ്റ് ചെയ്യാൻ എനിക്ക് കിട്ടിയ ആത്മധൈര്യം... അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് കൂടുതൽ മധുരമുള്ളതാകുന്നത് എന്ന തിരിച്ചറിവ്.. എല്ലാത്തിനും PRD യോട് കടപ്പെട്ടിരിക്കുന്നു...


ആര്യ വിദ്യ

സത്യേട്ടൻ @ 25

 സത്യേട്ടൻ @ 25 കേരളത്തിലെ ഏറ്റവും വലിയ സർവകലാശാല...  പടർന്നു പന്തലിച്ച് നിൽക്കുന്ന മരത്തണലുകളും വർണ്ണാഭമായ പൂങ്കാവനങ്ങളുമൊക്കെയ...