Sunday 2 October 2022

പറയാൻ ബാക്കിയായത്..............

 പറയാൻ ബാക്കിയായത്..............


ജീവിതത്തിൽ നമുക്ക് പ്രിയപ്പെട്ട ആരൊക്കെയോ നഷ്ട്ടപ്പെട്ടു പോവുന്നതിന്റെ വേദന ഒന്നുകൊണ്ടും നികത്താനാവാത്തതാണ്. നഷ്ട്ടപ്പെട്ടുപോയ ആൾ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് മറ്റാരോടും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ഏറ്റവും വലിയ ദുഃഖം... 


എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ അച്ചമ്മ... കോളേജിൽ  സെക്കന്റ് ഇയറിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി പുള്ളിക്കാരിയെ കാണുന്നത്. പ്രായം 70 കഴിഞ്ഞിരുന്നെങ്കിലും 18 ന്റെ തിളക്കമായിരുന്നു അവരുടെ കണ്ണുകൾക്ക്. എന്നും ചുറുചുറുക്കുള്ള ഒരു കൗമാരക്കാരിയുടെ ചിരിയായിരുന്നു ആ മുഖത്ത് ഞാൻ കണ്ടത്. ഞങ്ങൾ കുട്ടികളോട് ഒരുപാടു നേരം ഇരുന്ന് സംസാരിക്കാൻ ഇഷ്ട്ടമായിരുന്നു. ഞങ്ങളുടെ തമാശകളും അനുഭവങ്ങളുമെല്ലാം പറയുമ്പോൾ അതെല്ലാം ഏറെ കൗതുകത്തോടെ കേട്ടിരുന്ന് ആസ്വദിക്കുമായിരുന്നു... 


കൈരളി ടിവി യിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന ദിവസങ്ങളിൽ ഉച്ചക്ക് വീട്ടിലേക്ക് വരാൻ പറഞ്ഞു. ഞങ്ങൾക്ക് വേണ്ടി ഭക്ഷണം ഒക്കെ റെഡി ആക്കി വച്ച് കാത്തിരിക്കുകയായിരുന്നു. വാർദ്ധക്യത്തിന്റെ വയ്യായ്മകൾ ഉണ്ടായിരുന്നെങ്കിലും സ്വന്തം കൈ കൊണ്ട് തന്നെ ഞങ്ങൾക്ക് ഭക്ഷണം വിളമ്പിത്തരുന്നതിൽ അവർക്കൊരു പ്രത്യേക സന്തോഷം ഉണ്ടായിരുന്നു. 

ഒരിക്കൽ ഞാൻ എഴുതിയ ഒരു ബ്ലോഗ് വായിച്ച്‌ അപ്പൊത്തന്നെ എന്നെ ഫോണിൽ വിളിച്ച് ഒത്തിരി ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞ് അഭിനന്ദിച്ചിരുന്നു. പിറ്റേ ദിവസം തന്നെ മാതൃഭൂമിയിലും മറ്റും വന്ന ആർട്ടിക്കിളുകളും കുറിപ്പുകളുമെല്ലാം തിരഞ്ഞെടുത്ത് എനിക്ക് വായിക്കാനായി തന്നയച്ചു. അത്രയും കരുതലോടെ നമ്മുടെ ചെറിയ കഴിവുകളെപ്പോലും പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും അവർ കാണിച്ചിരുന്ന താൽപ്പര്യം മുൻപൊരാളിലും ഞാൻ കണ്ടിട്ടില്ല. ആ പത്രക്കടലാസുകൾ ഒരു നിധി പോലെ ഞാൻ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്.  

 പെൺകുട്ടികളായാൽ നന്നായി പഠിച്ച് ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണം എന്ന ഉപദേശം തന്നയാൾ. ജീവിതത്തിൽ ഒരിക്കലും ആർക്കു  മുന്നിലും തോറ്റുകൊടുക്കാതെ സ്വന്തം ഇച്ഛാശക്തികൊണ്ട് നാല് മക്കളെ പഠിപ്പിച്ച് വളർത്തി വലുതാക്കിയവർ. അതായിരുന്നു ബാവമ്മ എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന ആ സ്‌നേഹനിധി. 

എല്ലാവരോടും തികഞ്ഞ മമതയും സ്നേഹവും പ്രകടിപ്പിച്ചിരുന്ന അവരോട് പെട്ടെന്ന്തന്നെ എനിക്ക് വല്ലാത്തൊരടുപ്പം തോന്നി. പക്ഷെ വിധി പലപ്പോഴും അങ്ങനെയാണ്. ആ സ്നേഹവും കരുതലും ഒരുപാടു കാലം അനുഭവിക്കാൻ അനുവദിച്ചില്ല. ഇനിയും പറയാൻ എന്തൊക്കെയോ ബാക്കിവച്ച് എനിക്കൊന്നു കാണാൻ പോലും സാധിക്കാതെ യാത്രയായി..... 


No comments:

Post a Comment

സത്യേട്ടൻ @ 25

 സത്യേട്ടൻ @ 25 കേരളത്തിലെ ഏറ്റവും വലിയ സർവകലാശാല...  പടർന്നു പന്തലിച്ച് നിൽക്കുന്ന മരത്തണലുകളും വർണ്ണാഭമായ പൂങ്കാവനങ്ങളുമൊക്കെയ...