Sunday 7 August 2022

വേരുകൾ

                                                                     

തിരക്കുപിടിച്ച ലോകത്തിൽ നിന്ന് കുറച്ചു നാളത്തെ ഇടവേളയിൽ വീട്ടിലെത്തി... രണ്ട് ദിവസം നഗരത്തിൽ നിന്നും പറിച്ചുമാറ്റപ്പെട്ടതിന്റെ ഒരു ഏകാന്തതയിൽ ആയിരുന്നു..പതുക്കെ പതുക്കെ നാടിന്റെയും വീടിന്റെയും ഗൃഹാതുരുത്വത്തിലേക്ക് ഞൻ ആഴ്ന്നിറങ്ങാൻ തുടങ്ങി.. അറ്റുപോയ വേരുകളിലൂടെ വീണ്ടും മുള പൊട്ടുന്ന ഒരു ചെടിയെപ്പോലെ ഞാൻ ശ്വസിക്കാൻ തുടങ്ങി.. എന്റെ അസ്തിത്വത്തെ വീണ്ടെടുക്കുന്നത് പോലെ ഒരു തോന്നൽ.. നാടും വീടും അമ്പലവും ആൽമരചുവടുമെല്ലാം എനിക്ക് പുതുശ്വാസം നൽകി... ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്‍ദകോലാഹലങ്ങളില്ലാത്ത നട്ടുവഴിപ്പാതകൾ... തിരക്കുപിടിച്ച് എന്തൊക്കെയോ നേടാനായുള്ള ഓട്ടപ്പാച്ചിലിൽ ജീവിക്കാൻ തന്നെ മറന്നുപോയ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി വീട്ടുവർത്തമാനങ്ങൾ പറഞ്ഞ് കുശലം ചോദിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഒരു കൂട്ടം നിഷ്ക്കളങ്കരായ മനുഷ്യർ, മണ്ണിന്റെ മണവും അമ്പലക്കുളത്തിലെ തണുത്ത വെള്ളവും ആൽമരത്തിന്റെ നനുത്ത കാറ്റുമെല്ലാം എന്നെ പുണർന്നിട്ട് കാലമെത്രയായി.... ഇതെല്ലം ഞാൻ മറന്നു പോയിരിക്കുന്നു... ഓർമയിൽ നിന്നും അവയെല്ലാം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്.

ഏത് നാട്ടിൽ പോയി എന്തൊക്കെ നേടിയെടുത്താലും എന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നത് ഈ മണ്ണിലാണ്... ഇവിടെ പിച്ച വച്ച് പഠിച്ച പാഠങ്ങളാണ് ഏതു പ്രതിസന്ധിയെയും നേരിടാൻ എന്നെ പ്രാപ്തയാക്കിയത്... എവിടെയൊക്കെ പോയാലും വീണ്ടും തിരിച്ചു വരാനായി പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഇവിടെയുണ്ട്.. ഒരു പക്ഷെ എന്റെ അസ്തിത്വം ഇവിടെയാണുള്ളത് എന്ന ഓർമ്മപ്പെടുത്തലാവാം അത്. അറിയില്ല.....

എന്തായാലും ഞാൻ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്. നമ്മൾ ജനിച്ചു വളർന്ന, ചെറുപ്പകാലത്തെ നല്ല ഓർമ്മകൾ നമുക്ക് സമ്മാനിച്ച..അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു നടന്ന, മണ്ണപ്പം ചുട്ടു കളിച്ച കൂട്ടുകാരുള്ള നമ്മുടെ നാട്ടിലാണ് മനുഷ്യന്റെ വേരുകൾ അടിയുറച്ചിട്ടുള്ളത്. ആ അസ്തിത്വത്തെ പിഴുതെറിഞ്ഞാൽ ചിലപ്പോൾ നൂല് പൊട്ടിയ പട്ടം പോലെ ആകാശത്തിലൂടെ പറന്നു നടക്കാനാകും... എന്നാൽ നിമിഷനേരം കൊണ്ട് അത് നിലം പതിക്കുകയും ചെയ്യും..... 

അങ്ങനെ ചിന്തകളുടെ ഏതോ മായാലോകത്തിലൂടെ കടന്നു പോകുമ്പോഴാണ് ഇമെയിൽ വന്നത്. തിരിച്ച് പോകണം.. വീണ്ടും നഗരത്തിന്റെ മായിക ലോകത്തിന്റെ ഭാഗമാക്കണം... അത് മറ്റൊരു ജീവിതമാണ്..രണ്ടും എനിക്ക് പ്രിയപ്പെട്ടതാണ്... മണ്ണിലിറങ്ങി നടക്കുന്നതാണോ അതോ ആകാശത്തിലൂടെ പറക്കുന്നതാണോ കൂടുതൽ ഇഷ്ട്ടം എന്ന് ചോദിച്ചതുപോലെയാണ്.... ഇത് രണ്ടുമാണ് എനിക്ക് ജീവൻ നൽകുന്നത്.. എന്നെ മോഹിപ്പിക്കുന്നത്, എന്നെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നത്.. കയ്യെത്താ ദൂരത്തുള്ളത് എത്തിപ്പിപ്പിടിക്കാൻ വെമ്പുന്ന ഒരു കുഞ്ഞിനെപ്പോലെയാണ് ഞാൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... എനിക്കത് സ്വന്തമാക്കണം.. അതിനുള്ള പരിശ്രമങ്ങളിൽ വീണുപോകുമ്പോൾ പിടിച്ചു നിർത്തുന്നതും ആത്മധൈര്യം നൽകുന്നതും താഴെയുള്ള ഭൂമിയാണ്. അതുപോലെയാണ് എനിക്ക് നാടും നഗരവും... ഞാനാകുന്ന നാണയത്തിന്റെ ഇരുപുറങ്ങൾ.... 

No comments:

Post a Comment

സത്യേട്ടൻ @ 25

 സത്യേട്ടൻ @ 25 കേരളത്തിലെ ഏറ്റവും വലിയ സർവകലാശാല...  പടർന്നു പന്തലിച്ച് നിൽക്കുന്ന മരത്തണലുകളും വർണ്ണാഭമായ പൂങ്കാവനങ്ങളുമൊക്കെയ...