Sunday 4 September 2022

ലഹരി പൂക്കുന്ന സിനിമാമേള




ചലച്ചിത്രമേള.......


പണ്ട് സ്കൂളിൽ പഠിക്കുമ്പോ എല്ലാ വർഷവും ചലച്ചിത്രമേളയുടെ കൗതുകകാഴ്ചകളും ചിത്രങ്ങളുമൊക്കെ പത്രത്തിൽ വരാറുള്ളത് ഓടിച്ചെന്നെടുത്ത് കുറെ നേരം നോക്കി ഇരിക്കുമായിരുന്നു. 

അന്നൊക്കെ മനസ്സിൽ ആഗ്രഹിച്ചിരുന്നു, എന്നെങ്കിലും ഇതൊക്കെ ഒന്ന് നേരിട്ട് പോയി കാണണം എന്ന്. 


പിന്നീട് തിരുവനന്തപുരത്ത് കോളേജ് അഡ്മിഷൻ കിട്ടിയപ്പോ ആദ്യം മനസിലേക്ക് വന്നതും അത് തന്നെയാണ്. 

ആദ്യ വർഷത്തിലെ അന്താളിപ്പും പിന്നെ വന്ന കോവിഡും എല്ലാം കഴിഞ്ഞ് ഫൈനൽ ഇയർ ആയി.. ഇനി  എന്തായാലും ചലച്ചിത്രമേളയ്ക്ക് പോയെ പറ്റൂ... പക്ഷെ ക്ലാസ് കട്ട് ചെയ്ത് പോയാൽ അറ്റന്റൻസ്‌ ഒരു വിഷയം ആകും.. അങ്ങനെ ഇരുന്നപ്പോഴാണ് ജേർണലിസം വിദ്യാർത്ഥികൾക്ക് മേളയുടെ മീഡിയ സെല്ലിൽ പ്രവേശനം കിട്ടിയാൽ കോളേജിൽ നിന്ന് അറ്റന്റൻസ് കിട്ടും എന്ന് അറിഞ്ഞത്.. അങ്ങനെ 2022  മാർച്ച് 6 ന്  IFFK യുടെ മീഡിയ സെൽ എൻട്രൻസ് എക്സാം എഴുതാൻ പോകുമ്പോ ആകെ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു... അറ്റന്റൻസ് ഉം കിട്ടും ഒരാഴ്ച അടിച്ചു പൊളിച്ച് സിനിമകളും കാണാം.... 

സെലക്ഷൻ കിട്ടി മാർച്ച് 8 നു മീഡിയ സെല്ലിൽ ജോയിൻ ചെയ്യുമ്പോ ഫ്രീ ആയി കുറെ സിനിമകൾ കാണാം എന്ന് മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ. 


ചെന്ന് കയറിയപ്പോഴാണ് വന്ന് പെട്ടത് മറ്റൊരു ലോകത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞത്. 

കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള 15  മാധ്യമ വിദ്യാർത്ഥികളും അവരെ നയിക്കാനായി അനുഭവസമ്പത്തും അറിവുമുള്ള രണ്ട് പടനായകന്മാരും. സതികുമാർ സാറും ബി ടി അനിൽ കുമാർ സാറും. 


മേളയുടെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ച ഒരിടം. ചലച്ചിത്ര മേളയോടനുബന്ധിച്ച ഏത് വാർത്തയും വിവരവും ലോകമറിയണമെങ്കിൽ അതിവിടന്ന് നൽകണം. തമാശയായി കളിച്ച് നടക്കാൻ മാത്രമുള്ള ഒരു സ്ഥലത്തല്ല വന്ന് പെട്ടിരിക്കുന്നതെന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് മനസിലായത്. ജേർണലിസം ക്ലാസ്സിൽ ' 5ws and 1H' വായിച്ച് പഠിച്ച് പരീക്ഷ എഴുതിയത് കൊണ്ട് മാത്രം വാർത്ത എഴുതാൻ ആവില്ല എന്ന് മനസിലാക്കിയത് അപ്പോഴാണ്. വായനക്കാരന് മനസിലാകുന്ന രീതിയിൽ കൃത്യമായി ഒതുക്കത്തോടെ എന്നാൽ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന വിധത്തിലാവണം വാർത്ത എഴുതേണ്ടത് എന്ന് തിരിച്ചറിഞ്ഞു. എഴുതിയ വാർത്തകൾ തിരുത്തപ്പെട്ടു, ചിലത് വീണ്ടും വീണ്ടും ഇരുന്ന് എഴുതി.. ഈ പ്രക്രിയ ഒരു സൈക്കിൾ പോലെ തുടർന്നുകൊണ്ടേയിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ചലച്ചിത്ര മേളയ്ക്കായി ഒരു മാസം മുൻപേ പരിശീലനം ആരംഭിച്ചു. ചുരുക്കത്തിൽ ഒരു മാധ്യമ വിദ്യാർത്ഥിയെ ഒരു പ്രൊഫെഷണൽ ആക്കാനുള്ള കളരി. അതായിരുന്നു മീഡിയ സെൽ.

 

വാർത്തകൾക്കും അതിന്റെ തിരുത്തലുകൾക്കുമെല്ലാമുപരി വല്ലാത്തൊരു ലഹരി നൽകുന്ന അന്തരീക്ഷമുണ്ടായിരുന്നു അവിടെ. കഥകളും കവിതകളും സിനിമയും സംഗീതവുമെല്ലാംഇഷ്ട്ടപ്പെടുന്ന, കലയെ ജീവനു തുല്യം സ്നേഹിക്കുന്ന, കലാകാരന്മാരെ ആരാധിക്കുന്ന കുറെ പച്ചയായ മനുഷ്യർ ഒത്തുകൂടുന്ന വേദി. എല്ലാവർക്കും സംസാരിക്കാനുള്ളത് സിനിമയെക്കുറിച്ചയിരുന്നു. ആരും ആരെയും നിയന്ദ്രിക്കാനോ സദാചാര ചട്ടക്കൂടുകൾക്കു വഴങ്ങിക്കൊടുക്കാനോ നിൽക്കാത്ത തുറന്ന മനസുള്ള കുറെ പേർ ഒരുമിക്കുന്ന ഇടം. വൈകുന്നേരങ്ങളിലെ സംഗീത സന്ധ്യകൾ സ്വയം മറന്ന് ആസ്വദിക്കാൻ കഴിക്കുന്നവർ, പല നാടുകളിൽ നിന്നുമുള്ള സംസ്കാരങ്ങൾ, പല ഭാഷകളിൽ വ്യത്യസ്തങ്ങളായ സിനിമകൾ പ്രദർശിപ്പിക്കുന്ന തിരശീലകൾ... ഇതെല്ലാമായിരുന്നു ചലച്ചിത്രമേള നൽകുന്ന ലഹരി... ഒരിക്കൽ വന്നു പെട്ടവരെ വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന ലഹരി...


വാർത്തയുടെ എഴുത്തും തിരുത്തലുകളും പ്രസിദീകരണവും ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോൾ സൗഹൃദവും  സിനിമയും സംഗീതവും മറ്റൊരു വശത്ത്....അങ്ങിനെ മാർച്ച് 25 നു ചലച്ചിത്രമേളയുടെ അരങ്ങും ആരവവുമൊഴിഞ്ഞപ്പോൾ എന്തോ വല്ലാത്തൊരു വേദനയോടെയാണ് അവിടെ നിന്ന് പടിയിറങ്ങിയത്. മാധ്യമ ലോകത്തേക്കുള്ള ആദ്യ കാൽവയ്പ്പ്, വ്യക്തിജീവിതത്തെ ഏറെ സ്വാധീനിച്ച കുറെയേറെ അനുഭവങ്ങൾ...  ഒരുപാട് നല്ല സൗഹൃദങ്ങൾ.. മനസ് തുറന്ന് ചിരിച്ച കുറെ നല്ല നിമിഷങ്ങൾ.... സിനിമകൾ.. സംഗീത സദസ്സുകൾ...  ഇതിനെല്ലാമുപരി സ്വന്തം വ്യക്തിത്വത്തെ സ്വയം മനസിലാക്കാനും അതിനെ പാകപ്പെടുത്താനും വന്നുചേർന്ന ഒരവസരം.... അങ്ങിനെ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു സാങ്കൽപ്പിക ലോകത്ത് നിന്നും യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ച് പോകുന്ന പോലെയായിരുന്നു അന്നത്തെ വിടവാങ്ങൽ........ ജീവിതത്തിൽ എന്നും ഓർത്തിരിക്കുന്ന ഒത്തിരി പാഠങ്ങൾ പഠിച്ച അനുഭവങ്ങൾ സമ്മാനിച്ച കുറച്ച് നല്ല ദിവസങ്ങൾ.... അതായിരുന്നു Ifffk !!!! 

.

.

.

.

.

.

.

.

.

.

.

.

.

.

.

(അന്ന് പരസ്പരം യാത്ര പറയുമ്പോ എല്ലാവർക്കും ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു. 

ഇനി എപ്പോഴാണ് ഇങ്ങനെ ഒക്കെ ഒന്ന് ഒത്തുകൂടുന്നത്? 

അടുത്ത IFFK !!!!!!!... 

അതുവരെ കാത്തിരിക്കണം അല്ലെ? 

അതിനു മുൻപ് IDSFFK ഉണ്ട്. ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ. അതിനു കാണാം......)












സത്യേട്ടൻ @ 25

 സത്യേട്ടൻ @ 25 കേരളത്തിലെ ഏറ്റവും വലിയ സർവകലാശാല...  പടർന്നു പന്തലിച്ച് നിൽക്കുന്ന മരത്തണലുകളും വർണ്ണാഭമായ പൂങ്കാവനങ്ങളുമൊക്കെയ...