Wednesday 2 November 2022

സത്യേട്ടൻ @ 25

 സത്യേട്ടൻ @ 25


കേരളത്തിലെ ഏറ്റവും വലിയ സർവകലാശാല... 

പടർന്നു പന്തലിച്ച് നിൽക്കുന്ന മരത്തണലുകളും വർണ്ണാഭമായ പൂങ്കാവനങ്ങളുമൊക്കെയായി അതിമനോഹരമായ ക്യാമ്പസ് അന്തരീക്ഷം.  കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഓരോ ചുവരുകൾക്കും പറയാനുള്ളത് ഒരുപാടു വർഷങ്ങളുടെ അനുഭവങ്ങളും ഓർമ്മകളുമാണ്.  കഴിഞ്ഞ 25 വർഷമായി ഈ സർവ്വകലാശാലയുടെ ഓരോ സ്പന്ദനവും അറിയുന്ന ഒരാളുണ്ട് ! ഇവിടെ നിന്ന് പഠിച്ചിറങ്ങിയവർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെല്ലാം ഏറെ സുപരിചിതമായ ഒരു പേര്. സത്യേട്ടൻ..


1997 ലാണ് സത്യൻ എന്ന 26 കാരൻ സർവ്വകലാശാലയിലെ പരീക്ഷ ഭവനിൽ ഒരു ചായക്കട തുടങ്ങുന്നത്. 

അന്ന് മുതൽ ഇന്ന് വരെ ക്യാമ്പസ്സിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് സത്യേട്ടന്റെ ചായക്കടയും അതിനു മുന്നിലെ മരത്തണലും. വൈകുന്നേരങ്ങളിൽ ഒരു ഗ്ലാസ് ചായയും കുടിച്ച് കൂട്ടുകാരോടൊപ്പം സമയം പങ്കിടാൻ വരുന്ന കുട്ടികൾ ഇവിടത്തെ സ്ഥിരം കാഴ്ച്ചയാണ്. ഓരോ വർഷവും മാറി മാറി വരുന്ന മുഖങ്ങൾ.... സൗഹൃദങ്ങൾ... രാഷ്ട്രീയം.. എല്ലാത്തിനും സാക്ഷിയായി സത്യേട്ടൻ.. 


കഴിഞ്ഞ 25  വർഷമായി രാവിലെ എട്ടര മുതൽ വൈകുന്നേരം 6 മണി വരെ അദ്ദേഹം ഇവിടുണ്ട്. ഈ കാലയളവിലെ സർവകലാശാലയുടെ ചരിത്രവും വളർച്ചയുമെല്ലാം ഇത്രത്തോളം അറിയാവുന്ന മറ്റൊരാൾ ഉണ്ടാവുക അപൂർവ്വമാണ്.  ക്യാമ്പസ്സിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച്

സത്യേട്ടൻ പറയുന്നതിങ്ങനെയാണ്. ഒരുപാടു സമരങ്ങളും പോരാട്ടങ്ങളും നടന്ന ഈ കലാലയത്തിൽ വ്യത്യസ്ത കാഴ്ച്ചപ്പാടുകളും രാഷ്ട്രീയ നിരീക്ഷണങ്ങളുമുള്ള കുട്ടികളാണുള്ളത്. അഭിപ്രായവ്യത്യാസങ്ങളും നിലപാടുകളും ഉള്ളവർ ഉണ്ട്. രാവിലെ രണ്ട് നിറങ്ങളിലുള്ള കൊടികൾ പിടിച്ച് നടക്കുന്നവരാണെങ്കിലും വൈകുന്നേരം ഒരു ചായകുടിച്ചു സൗഹൃദം പങ്കിടാൻ അവർ ഒരുമിച്ചെത്തും. അത്തരത്തിൽ ഒരുപാട് സൗഹൃദങ്ങൾക്കും കൂടിചേരലുകൾക്കും വേദിയാവുകയാണ് പരീക്ഷ ഭവനിലെ ആ കൊച്ചു ചായക്കട.  

അതുകൊണ്ടുതന്നെ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അദ്ദേഹത്തോട് എന്തെന്നില്ലാത്ത ഒരു സ്നേഹവും അടുപ്പവുമുണ്ട്. 2018 ൽ അതുൽ നാറുകര യൂണിവേഴ്സിറ്റി ചെയർമാൻ ആയിരുന്ന കാലഘട്ടത്തിൽ ക്യാമ്പസ് മാഗസിൻ ഏറ്റുവാങ്ങാൻ തന്നെ വേദിയിലേക്ക് ക്ഷണിച്ചതും അന്നത്തെ കുട്ടികളുടെ ആഹ്ലാദാരവങ്ങളുമെല്ലാം അദ്ദേഹം ഇന്നും സന്തോഷത്തോടെ ഓർക്കുന്നു. 

ഒരിക്കൽ സർവ്വകലാശാലയിൽ  നിന്ന് പഠിച്ചിറങ്ങി ഒരുപാട് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ രാജീവ് എന്ന വിദ്യാർത്ഥി സത്യേട്ടനോട് പറഞ്ഞ വാക്കുകൾ അദ്ദേഹം ഇന്നും ഏറെ വൈകാരികമായാണ് ഓർത്തിരിക്കുന്നത്. "കാലങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ എനിക്കിവിടം അപരിചിതമാണ്. പുതിയ കെട്ടിടങ്ങൾ, മാറി വന്ന അധ്യാപകർ, പുതിയ കുട്ടികൾ.. അതിൽ ഞാൻ പഠിച്ച കാലഘട്ടത്തിലെ ഓർമകളിലേക്ക് എന്നെ തിരിച്ച് കൊണ്ടുപോയത് സത്യേട്ടനാണ്. എനിക്ക് പ്രിയപ്പെട്ട, പരിചയമുള്ള മുഖം താങ്കളുടേതാണ്".  ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികളുടെ കലാലയ ജീവിതത്തിന്റെ ഒരിക്കലും മറക്കാനാവാത്ത ഭാഗമാണ് സത്യേട്ടൻ... 

സത്യേട്ടൻ @ 25

 സത്യേട്ടൻ @ 25 കേരളത്തിലെ ഏറ്റവും വലിയ സർവകലാശാല...  പടർന്നു പന്തലിച്ച് നിൽക്കുന്ന മരത്തണലുകളും വർണ്ണാഭമായ പൂങ്കാവനങ്ങളുമൊക്കെയ...